Thursday, January 20, 2011

പെണ്ണ്

നേരും നേരറിവുമുള്ളൊരു പെണ്ണിനും
നല്ലൊരു ഭാര്യയാകാന്‍ വയ്യ
സ്വത്വവും ഉണ്മയും കാക്കുന്ന പെണ്ണിനും
നല്ലൊരു പത്നിയാവാന്‍ വയ്യ
ബോധവും ബോദ്ധ്യവും തിരയുന്ന പെണ്ണും
നല്ലൊരു പത്നിയാവില്ല നിസ്സംശയം
അറിവും അവകാശവും തിരിച്ചറിയുന്ന പെണ്ണിനും
നല്ലൊരു പത്നിയാവാന്‍ കഴിയില്ല
പതിയുടെ പാതിയാവാനിതൊ-
ന്നുമല്ല കടക്കേണ്ട കടമ്പകള്‍
കണ്ണീരു വരുമ്പോള്‍ പൊട്ടിപ്പൊട്ടി-
ച്ചിരിക്കാന്‍ പഠിക്കണം
മനസ്സെന്ന വസ്തുവിനെയാരു-
മറിയാതെ കത്തിച്ചു കളയാന്‍ പഠിക്കണം
എപ്പോഴും എപ്പോഴും തല
കുനിച്ചു നടക്കാന്‍ പഠിക്കണം
അപ്രിയ സത്യങ്ങളകമേ വിഴുങ്ങണം
അര്‍ദ്ധ സത്യങ്ങള്‍ക്കു വാതില്‍ തുറക്കണം
നക്ഷത്രങ്ങള്‍ക്കും മണ്‍തരികള്‍ക്കും
നടുവിലൊറ്റയ്ക്ക്‌ നില്‍ക്കാന്‍ ധൈര്യമുണ്ടാകണം
ഒറ്റയ്ക്ക്‌
തികച്ചും ഒറ്റയ്ക്ക്‌.....

Tuesday, January 18, 2011

ഉറക്കം ഒരു കൊച്ചു മരണം..


നേരെന്നു കരുതുവാനാവില്ലിനി..
ഉണർവ്വിനേക്കാളെത്ര ജീവിച്ചു
ഞാനാ കൊച്ചു മരണങ്ങളില്‍...
ദൃഢമാര്‍ന്നൊരാ കൈ വിരലുകള്‍
ചേര്ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്‍..,
എവിടേയ്ക്ക് ഞാനൊരു യാത്ര പോയ്‌...

പൂക്കളായ്‌ വിരിഞ്ഞുലഞ്ഞൊരാ നക്ഷത്രങ്ങളും
സ്നേഹം നിലാ മഴയായ്‌ പെയ്തിറങ്ങിയൊരാ
മേഘങ്ങള്‍ മറ തീര്ത്ത് വഴിത്താരയില്‍...
എത്ര കാതമൊന്നായലഞ്ഞു നടന്നുവെന്നോ നാം ..

അറിയാതെ കണ്‍ച്ചിമ്മി തുറന്ന മാത്രയില്‍
മാഞ്ഞു പോയ് നക്ഷത്രങ്ങള്‍ ....
പൂക്കളും സ്നേഹനിലാവും...
കണ്ണൊന്നു ഇറുക്കി തിരികെ നടക്കാന്‍ കൊതിക്കവേ..
നമുക്കിടയിലൂടൊഴുകുന്ന പ്രകാശ വര്‍ഷണങ്ങള്‍

എന്റെ നിദ്രയും തട്ടി പറിച്ചെടുത്തെങ്ങോ മറഞ്ഞു